ജീവിച്ചിരിക്കെ മരിച്ചെന്ന് അധികാരികള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ആനുകൂല്യങ്ങളും എന്തിന് പൌരത്വം വരെ നഷ്ടമായവരുടെ നിരവധി വാര്‍ത്തകള്‍ ഇതിന് മുമ്പ് നിരവധി തവണ പുറത്ത് വന്നിട്ടുണ്ട്.
അക്കൂട്ടത്തിലേക്ക് മറ്റൊന്നു കൂടി ചേര്‍ക്കപ്പെടുകയാണ്. ഝാർഖണ്ഡിന്‍റെ തലസ്ഥാനമായ റാഞ്ചിയിൽ നിന്നാണ് സമാനമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. റാഞ്ചി സര്‍വകലാശാലയില്‍ നിരവധി വര്‍ഷങ്ങളോളം ജോലി ചെയ്തയാളെ മരിച്ചതായി പ്രഖ്യാപിച്ച സര്‍വകലാശാല അദ്ദേഹത്തിനുള്ള പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും റദ്ദാക്കി.
റാഞ്ചി സര്‍വകലാശാലയിലെ ഫിസിക്സ് ഡിപ്പാർട്ട്മെന്‍റിൽ വര്‍ഷങ്ങളോളം ജോലി ചെയ്ത ഡോ.ബ്രിജ് കിഷോർ സിംഗിനെയാണ് സര്‍വകലാശാല മരിച്ചതായി പ്രഖ്യാപിച്ചത്. പതിനഞ്ച് വര്‍ഷം മുമ്പ് സര്‍വകലാശാലയില്‍ നിന്നും റിട്ടയര്‍ ചെയ്ത അധ്യാപകനായിരുന്നു അദ്ദേഹം.
പെന്‍ഷന്‍ വാങ്ങാനായി എല്ലാ മാസവും ഒന്നാം തിയതി അദ്ദേഹം ബാങ്കിലെത്തുമായിരുന്നു. പതിവ് പോലെ ഈ മാസം ഒന്നാം തിയതി പെന്‍ഷന് വേണ്ടി ബാങ്കിലെത്തിയ അദ്ദേഹം തനിക്ക് പെന്‍ഷന്‍ വന്നിട്ടില്ലെന്ന് മനസിലാക്കി. പിന്നാലെ അന്വേഷിച്ച് ചെന്നപ്പോഴാണ് സര്‍വകലാശാല തന്നെ മരിച്ചതായി പ്രഖ്യാപിച്ചെന്ന് മനസിലാക്കിയത്.
അത് സംബന്ധിച്ച് ഇ-പെൻഷനില്‍ ഡോ.ബ്രിജ് കിഷോർ സിംഗ് പരാതി നൽകി. അദ്ദേഹത്തിന്‍റെ അക്കൌണ്ടിലേക്ക് പണം എത്തിയിട്ടില്ലെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ അറിച്ചപ്പോഴാണ് സര്‍വകലാശാലയുടെ ക്രൂരമായ തമാശ അദ്ദേഹത്തിന് ബോധ്യമായത്. തുടര്‍ന്ന സര്‍വകലാശാല ആസ്ഥാനത്തെത്തിയ അദ്ദേഹം വകുപ്പ് ജീവനക്കാര്‍ക്ക് പരാതി നല്‍കി.
തെറ്റ് തിരിച്ചറിഞ്ഞ ജീവനക്കാര്‍ അദ്ദേഹത്തോട് ക്ഷമാപണം നടത്തിയതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. സര്‍വകലാശാല പെന്‍ഷന്‍ വകുപ്പിന് പറ്റിയ തെറ്റായിരുന്നു കാര്യങ്ങള്‍ ഇങ്ങനെ ആക്കിയത്.
സാങ്കേതിക പിശക് തിരുത്തിയെന്നും ഈ മാസത്തെ പെന്‍ഷനും അടുത്ത മാസത്തെ പെന്‍ഷനും ഒരുമിച്ച് അക്കൌണ്ടിലെത്തുമെന്ന് സര്‍വകലാശാല ജീവിനക്കാര്‍ അദ്ദേഹത്തെ അറിയിച്ചു. ജീവിച്ചിരിക്കുന്നയാളെ മരിച്ചതായി പ്രഖ്യാപിക്കുന്നത് ഇന്ത്യയിലെ അപൂര്‍വ്വ സംഭവമല്ല. പ്രത്യേകിച്ചും തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
#University #Says #Retired #Professor #Dies #While #Alive #What #happened #next